Monday 21 October 2013

കാടറിയാന്‍

                                   

september 28 -നാണ്‌ സ്കൂളിൽ  നിന്നീ യാത്ര പോയത് .'കാടറിയാനൊരു യാത്ര ' എന്നായിരുന്നു ഞങ്ങളിട്ട പേര് .40  കുട്ടികളും 5 അധ്യാപകരും ആയിരുന്നു യാത്രാ സംഘത്തിൽ . രാവിലെ 7 മണിക്ക് സ്കൂളിൽ നിന്നും ഞങ്ങളിറങ്ങി .നന്ദിയോടിനു സമീപം പാലുവള്ളിയിൽ ലോവർ മീൻമുട്ടിയെന്നൊരു ചെറുഡാമും വൈദ്യുതിയുല്പാദന യൂണിറ്റുമുണ്ടെന്ന കാര്യം ഞങ്ങൾക്ക് പുതിയൊരറിവായിരുന്നു .നന്ദിയോടുനിന്ന് ഞങ്ങളോടൊപ്പം കൂടിയ മുൻ പഞ്ചായത്ത് മെമ്പർ ഷെർലിച്ചേച്ചി ഞങ്ങൾക്കങ്ങോട്ടു വഴികാട്ടിയായി . മീന്മുട്ടിയിൽ നിന്ന് നേരെ മങ്കയത്തേക്കായിരുന്നു യാത്ര .കാടും കാട്ടാറും ഒരുപോലെ കുട്ടികളേയും ഞങ്ങളേയും ഭ്രമിപ്പിച്ചു .

'പുഴകടന്ന് മരങ്ങൾക്കിടയിലേക്ക് '-ടി പദ്മനാഭന്റെ ഒരു കഥാപുസ്തകത്തിന്റെ പേരാണിത് ----മങ്കയത്തെ പുഴയും വനവും ഞങ്ങൾക്കൊരു പുസ്തകമായി .കല്ലാറിലെ കുളിയും വിശ്രമവും നൽകിയ പുതിയ ഊർജവുമായി ബോണക്കാടേക്ക് മലനിരകളിലെ തേയിലച്ചെടികൾ ഞങ്ങൾ ഇറുത്തെടുത്തു .മലയും തേയിലയും ആദ്യമായി കാണുന്ന കുട്ടികളുടെ കണ്ണിലെ കൗതുകം , ഒരു യാത്ര സഫലമാകാൻ അതുമതി .സന്ധ്യയോടെ മലയിറങ്ങിയ ഞങ്ങൾ 9 മണിക്കാണ് മടങ്ങിയെത്തിയത് .

"വനം ,നദി ,ഭാഷ "_ മനോജിന്റെ കവിതാപുസ്തകമാണിത് .ഓരോ യാത്രയും ഓരോ പുസ്തകങ്ങളാണ് ;ഒരിക്കലും വായിച്ചുതീരാത്ത പുസ്തകങ്ങൾ !